
മന്ത്രിമാർ, ആഗോള സിഇഒമാർ എന്നിവരടങ്ങുന്ന സമിതിയിലേക്കാണ് ഡോ. ഷംഷീറിനെ ഫോറം നിർദ്ദേശിച്ചത്
കൊച്ചി: ലോക സാമ്പത്തിക ഫോറത്തിന്റെ ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവ് എക്സിക്യൂട്ടീവ് ബോർഡിലേക്ക് ലേക്‌ഷോർ ഹോസ്പിറ്റൽ ചെയർമാൻ ഡോ. ഷംഷീർ വയലിൽ നിയമിതനായി. ആരോഗ്യ മേഖലയിൽ നൽകിയ സംഭാവനകളും അനുഭവ സമ്പത്തും പരിഗണിച്ചാണ് അദ്ദേഹത്തെ പ്രമുഖ ആഗോള സമിതിയിലേക്ക് നാമ നിർദ്ദേശം ചെയ്തത്. മിഡിൽ ഈസ്റ്റിലെ ഏറ്റവും വലിയ ആരോഗ്യ സേവനദാതാക്കളിലൊന്നായ ബുർജീൽ ഹോൾഡിങ്സിന്റെ സ്ഥാപകനും ചെയർമാനുമാണ് ഡോ. ഷംഷീർ.
ഫോറത്തിന്റെ സെന്റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയറിന്റെ നേതൃത്വത്തിൽ പ്രവർത്തിക്കുന്ന ഇനിഷ്യേറ്റീവ്, ഡിജിറ്റൽ ആരോഗ്യം, ആരോഗ്യ ഡാറ്റ, നിർമ്മിത ബുദ്ധി, നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ പുതിയ പരിചരണ മാതൃകകൾ എന്നിവ വികസിപ്പിക്കുന്നതിനുള്ള ആഗോള പൊതു-സ്വകാര്യ കൂട്ടായ്മയാണ്. വ്യക്തിഗത പരീക്ഷണങ്ങൾക്കപ്പുറം ആരോഗ്യമേഖലയിലുടനീളം ഉത്തരവാദിത്തത്തോടെയുള്ള ഡിജിറ്റൽ സാങ്കേതികവിദ്യ വിന്യസിക്കുകയാണ് ബോർഡിന്റെ പ്രധാന ലക്ഷ്യം.
ചീഫ് എക്സിക്യൂട്ടീവുകൾ, മന്ത്രിമാർ, അന്താരാഷ്ട്ര സ്ഥാപനങ്ങളുടെ തലവൻമാർ എന്നിവരാണ് സമിതിയിലെ അംഗങ്ങൾ. മയോ ക്ലിനിക് പ്രസിഡന്റും സിഇഒയുമായ ജിയാൻറിക്കോ ഫാറൂജിയ, മെഡ്‌ട്രോണിക് ചെയർമാനും സിഇഒയുമായ ജിയോഫ് മാർത്ത, ഫിലിപ്സ് പ്രസിഡന്റും സിഇഒയുമായ റോയ് ജാക്കബ്സ്, സൗദി അറേബ്യൻ ആരോഗ്യ മന്ത്രി ഫഹദ് ബിൻ അബ്ദുറഹ്മാൻ അൽ ജലാജൽ, ഗാവി സിഇഒ സാനിയ നിഷ്തർ, അപ്പോളോ ഹോസ്പിറ്റൽസ് മാനേജിങ് ഡയറക്ടർ സുനീത റെഡ്ഡി തുടങ്ങിയ പ്രമുഖരാണ് ബോർഡിലെ മറ്റ് അംഗങ്ങൾ.
ഡോക്ടർ, സംരംഭകൻ, നിക്ഷേപകൻ, ജീവകാരുണ്യ പ്രവർത്തകൻ എന്നീ നിലകളിലുള്ള സമഗ്ര പശ്ചാത്തലമാണ് കോഴിക്കോട് സ്വദേശിയായ ഡോ. ഷംഷീറിന്റേത്. അദ്ദേഹത്തിന്റെ നേതൃത്വത്തിൽ വളർന്ന വിപിഎസ് ഹെൽത്ത്, ബുർജീൽ ഹോൾഡിങ്സ് ആരോഗ്യ ശൃംഖലകൾ സങ്കീർണ്ണ പരിചരണ സംവിധാനങ്ങൾ, ക്ലിനിക്കൽ സാങ്കേതികവിദ്യകൾ, എഐ സംയോജനം എന്നിവയിൽ വലിയ നേട്ടങ്ങൾ കൈവരിച്ചിട്ടുണ്ട്.
ആരോഗ്യ രംഗത്തെ പരിവർത്തനം സാധ്യമാകണമെങ്കിൽ ക്ലിനിക്കൽ വൈദഗ്ധ്യവും സാങ്കേതികവിദ്യയും ഡാറ്റയും കൃത്യമായി സംയോജിപ്പിക്കണമെന്ന് ഡോ. ഷംഷീർ വയലിൽ പറഞ്ഞു. ഡിജിറ്റൽ ആരോഗ്യവും എഐയും മാനുഷിക ലക്ഷ്യങ്ങളോടെ വിന്യസിക്കുമ്പോൾ മാത്രമേ വലിയ മാറ്റങ്ങൾ ഉണ്ടാകൂ എന്നും, രോഗീകേന്ദ്രീകൃത പരിചരണ മാതൃകകൾക്കായി ആഗോള നേതാക്കൾക്കൊപ്പം പ്രവർത്തിക്കാൻ കഴിയുന്നതിൽ സന്തോഷമുണ്ടെന്നും അദ്ദേഹം പറഞ്ഞു.
ലോക സാമ്പത്തിക ഫോറം സെന്റർ ഫോർ ഹെൽത്ത് ആൻഡ് ഹെൽത്ത്‌കെയർ മേധാവിയും എക്സിക്യൂട്ടീവ് കമ്മിറ്റി അംഗവുമായ ഡോ. ശ്യാം ബിഷെൻ നിയമനത്തെ സ്വാഗതം ചെയ്തു. ആരോഗ്യമേഖലയിലെ അനുഭവ സമ്പത്തും സാങ്കേതികവിദ്യ നടപ്പാക്കുന്നതിലെ മികവും ഡോ. ഷംഷീറിനെ ഈ ദൗത്യത്തിന് ഏറ്റവും അനുയോജ്യനാക്കുന്നുവെന്നും, സുസ്ഥിര ഡിജിറ്റൽ ആരോഗ്യ സംവിധാനങ്ങൾ വികസിപ്പിക്കുന്നതിൽ അദ്ദേഹത്തിന്റെ സാന്നിധ്യം വലിയ കരുത്താകുമെന്നും ഡോ. ശ്യാം ബിഷെൻ പറഞ്ഞു.
2024-ൽ ആരംഭിച്ച ഡിജിറ്റൽ ഹെൽത്ത്‌കെയർ ട്രാൻസ്ഫോർമേഷൻ ഇനിഷ്യേറ്റീവിൽ ഇതിനകം ഇരുനൂറിലധികം സംഘടനകൾ പങ്കാളികളായിട്ടുണ്ട്. ഡാറ്റാ സഹകരണം, വിർച്വൽ ഹെൽത്ത്, എഐ നിയന്ത്രണങ്ങൾ എന്നിവയിലാണ് പദ്ധതി ശ്രദ്ധ കേന്ദ്രീകരിക്കുന്നത്. ഈ ആഗോള പദ്ധതിയുടെ ഭാഗമായ യുഎഇ നിർമ്മിത ബുദ്ധിയിൽ അധിഷ്ഠിതമായ ആരോഗ്യ സംവിധാനങ്ങളിലും അന്താരാഷ്ട്ര സഹകരണത്തിലുമാണ് ശ്രദ്ധ ചെലുത്തുന്നത്.
Photo Courtesy - Google









